സദാ സന്തോഷം സദാ ചിരി
*
എന്തൊരു പരിചയമാ ഈ സൂര്യനെന്നോട്!!!
ഇന്നലെ കഴിഞ്ഞുപോയതെങ്ങനെയെന്ന് അയാൾ വകവയ്ക്കുന്നേയില്ല.രാവിലെ കാണുമ്പോൾ നിറചിരിയാണ്. ഇന്നലെ വഴക്കടിച്ചു പിരിഞ്ഞോ , മുഖം വീർപ്പിച്ചു പോയോ എന്നൊന്നും ഇന്ന് ചിന്തിക്കുന്നില്ല. ഇന്ന്, അതൊരു പുതിയ ദിവസം , പുതുമയുള്ള ചിന്തകളും പുതുമനിറഞ്ഞ ചിരിയും. സൂര്യനെ 'മറവി' പഠിപ്പിച്ച ഗുരു ആയിരിക്കും ഏറ്റവും ശ്രേഷ്ഠൻ എന്ന് പോലും തോന്നിപ്പോകുന്നു. ഇന്നലെകളുടെ ബാക്കി പത്രത്തിൻറെ കനം തൂങ്ങിയ മനസ്സും , മണിക്കൂറുകളോളം സുഷുപ്തി കഴിഞ്ഞിട്ടും ക്ഷീണമകലാത്ത ശരീരവും, കലഹങ്ങളുടെ പ്രതിഫലനം കൊണ്ട് ഇരുണ്ടമുഖവുമൊക്കെയായി, ഇന്നിലേയ്ക്ക് പകുതി ഉണർന്നു നോക്കിയപ്പോൾ, കണ്ട സൂര്യന്റെ ചിരി കണ്ണിനേയും മനസ്സിനേയും തുറപ്പിക്കാൻ പോന്നതായ പോലെ. എന്നെയും മറ്റുള്ളവരേയും ഇന്നത്തെ ദിവസം എങ്ങനെയൊക്കെ സഹായിക്കണം എന്നായിരിക്കുമെന്ന് തോന്നുന്നു അയാളുടെ ഒരേ ഒരു ചിന്ത. അതുകൊണ്ടായിരിക്കാം വൈരാഗ്യത്തിൻറെ ലവലേശമില്ലാതെ ഇത്രയ്ക്ക് ചിരിക്കാൻ സാധിക്കുന്നത്. എൻറെ മുഖത്ത് നല്ല ചിരി വിടരാത്തത്, ഒരു പക്ഷെ ഇതിന്റെ എതിർ കാരണവുമാകാം. ഇന്നലെ എന്നെ തോൽപ്പിച്ചവർക്കെതിരേ , ഇന്ന് ഏതൊക്കെ ആയുധങ്ങൾക്ക് മൂർച്ച വയ്പ്പിക്കണം എന്നാണല്ലോ എൻറെ പ്രഭാത ചിന്തകൾ. അത് മനസ്സിൽ കിടന്നു മറിയുമ്പോൾ, മുഖത്ത് വിരിയുന്ന ചിരി അലങ്കോലമായി പോകുന്നതിൽ അതിശയോക്തിയില്ല. പകൽ അധ്വാനിച്ചതിന് പകരമായി രാത്രി സമയം ഞാൻ ഉറങ്ങി തീർക്കണമേത്ര! അല്ലെങ്കിൽ ശരീരവും മനസ്സും ക്ഷീണിക്കുകയും , ആയതിൻറെ പ്രതിഫലനം കണ്ണിലും ചുണ്ടിലും ഉണ്ടാകുകയും ചിരി വിടർത്താൻ പറ്റുകയുമില്ലേത്ര! അതു കേട്ടപ്പോൾ ചിരിയുടെ പിന്നിൽ അധ്വാനമാണോ വിശ്രമമാണോ അതോ ഇത് രണ്ടു ചേർന്നാണോ എന്നതായി ആശയക്കുഴപ്പം. എന്നാൽ ഇപ്പോൾ പറഞ്ഞ് കേൾക്കുന്നതോ, സൂര്യൻ മുഴുവൻ സമയവും അധ്വാനിക്കുകയും അതേ സമയം ചിരിക്കുകയുമാണെന്ന്. സൂര്യൻ വിശ്രമിക്കുന്നുണ്ടെന്നത് കണ്ണടച്ചുറങ്ങുന്നതിൽ നിന്നും നമുക്കുണ്ടാകുന്ന തോന്നലാണേത്ര! നമ്മുടെ ഊണിലും ഉറക്കത്തിലും നിർത്താതെ അധ്വാനിക്കുന്നതാകുമോ ആ ചിരിയുടെ രഹസ്യം. ഒരുപക്ഷേ ആയിരിക്കാം. സദാസമയവും മറ്റുള്ളവർക്കായി നിസ്വാർത്ഥതയോടെ അധ്വാനിച്ചാലുണ്ടാകുന്ന ആത്മനിർവൃതിയുടെ പ്രതിഫലനം സന്തോഷവും അതിലൂടെ ചിരിയുമായിരിക്കാം.തന്നെ തടസ്സപ്പെടുത്തുന്ന മേഘങ്ങൾക്കു പിന്നിൽ കാത്തു നിൽക്കുന്നതെത്ര ക്ഷമയോടെയാണ്. ഇത്രയും വലിയ ക്ഷമാ ശീലവും ആ ചിരിയുടെ മറ്റൊരു രഹസ്യമായിരിക്കാം. ഇതെല്ലാം കൂടി കൂട്ടിവായിക്കുമ്പോൾ സദാ ചിരിക്കുന്ന സൂര്യനോട് എനിക്ക് തോന്നിയതും 'അസൂയ' തന്നെ. ഇതായിരിക്കാം എനിക്ക് ചിരിക്കാനേ കഴിയാത്തതിന്നു കാരണം.
സുനിൽ കെ ടി
18-09-2021
സദാ ചിരി തൂകി ആ ഊർജ്ജം ഈ ഭൂമിയിൽ പകരുന്നതിന് നന്ദി... 🙏🌞
ReplyDelete💐💐
ReplyDelete