ഞാൻ അഥവാ ബോധം
നമസ്കാരം,
സകല സുഖങ്ങളും സൗകര്യങ്ങളും അനുഭവിക്കാനുള്ള മാധ്യമം എന്ന നിലയിൽ ശരീരത്തിൻറെ സംവിധാനങ്ങളെ അത്യധികം ബഹുമാനിക്കേണ്ടതും, അതിൻറെ നല്ല നിലനിൽപിനായുള്ള പരിപോഷണങ്ങൾ നൽകേണ്ടതുമാണ്. അസുഖങ്ങളും അസൗകര്യങ്ങളും വേദനിപ്പിക്കുന്നതാകിലും സുഖങ്ങളെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങളായി ആയതിനേയും മാറ്റിവയ്ക്കാം. 'മാധ്യമം' എന്ന് ഞാൻ എടുത്തു പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല, മേൽപറഞ്ഞവയെല്ലാം അനുഭവിക്കുന്നത് ശരീരമല്ല.സ്തൂലമായ ശരീരമാണ് എല്ലാം അനുഭവിക്കുന്നത് എന്നത് തെറ്റിദ്ധാരണയുടെ അങ്ങേയറ്റമാണ്.
ശരീരം അനുഭവങ്ങൾക്കുള്ള വിവിധകാരണങ്ങളിൽ ഒന്നു മാത്രം. കരണങ്ങളെ സ്വീകരിക്കാനും പ്രതികരണങ്ങളെ പുറപ്പെടുവിക്കാനുമുള്ള സങ്കീർണത നിറഞ്ഞ ഉപകരണമാണ് ശരീര വ്യവസ്ഥ എന്നതെങ്കിലും ആയതിനും സ്തൂലമോ, സൂക്ഷ്മമോ ശൂന്യമോ എന്ന് പറയാൻ കഴിയാത്തതും, യാതൊരു മാറ്റങ്ങൾക്കും വിധേയമാകാത്തതുമായ 'ജീവൻറെ' അനിവാര്യത ഉണ്ടുതാനും. .
എന്താണ് സ്വീകരിക്കപ്പെടുന്നത് ? ആയതുകളെ തരംതിരിക്കുവാനും താരതമ്യം ചെയ്യുവാനും തിരിച്ചറിയിക്കുവാനും വേണ്ടി പ്രവർത്തിക്കുന്ന സംവിധാനത്തെ മനസ്സ് എന്നോ മറ്റെന്തെങ്കിലുമോ തന്നെ വിളിച്ചാലും ആയതും അതീവ പ്രധാനമാണ്. നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സ്തൂല ശരീരവും സ്തൂലമല്ലാത്ത മനസ്സിനേയും ഏകോപിപ്പിച്ച് കൈകാര്യം ചെയ്യുന്നതാരാണ് ? അല്ലെങ്കിൽ എന്താണ്?
ചർച്ചകൾ തുടങ്ങി വയ്ക്കാം എവിടം വരെയെങ്കിലും പോകട്ടെ.....സങ്കീർണത തോന്നിയോ? പറഞ്ഞതും ചിന്തിച്ചതും മറ്റൊരു സോളാർ വ്യവസ്ഥയെപ്പറ്റിയോ ഗ്രഹത്തേപ്പറ്റിയോ , എന്തിന് ആഴമേറിയ ഒരു സമുദ്രത്തേപ്പറ്റിയോ അല്ല. പക്ഷെ നിസ്സാരനായ എന്നെക്കുറിച്ച് മാത്രം.....
താനെ പ്രവർത്തിക്കുന്നതും സങ്കീർണ്ണത പുലർത്തുന്നതുമായ ശരീരവും മനസ്സും ഇതിനെയൊക്കെ ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കുന്ന 'ഞാനും' ചിലതെങ്കിലും അറിഞ്ഞിരിക്കേണ്ടതല്ലേ? ചുരുങ്ങിയത് 'ഞാൻ' ആണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നതന്നെങ്കിലും. ഞാൻ ഈ ശരീരത്തിൽ നിന്നും വേർപ്പെട്ടാൽ 'ഞാൻ' എവിടേയ്ക്ക് പോകുന്നു എന്നതിൽ ആശയക്കുഴപ്പമുണ്ടെങ്കിലും ,എൻറെ ശരീരം അതോടെ നാശത്തിനു വിധേയമാകും എന്നതിൽ തർക്കമില്ല. ആയതിനുശേഷം കിട്ടുന്ന കരണങ്ങൾ എൻറെ ശരീരത്തിനുള്ളിൽ വിവിധ പ്രക്രീയകൾക്ക് വിധേയമാക്കുവാൻ എൻറെ മനസ്സിനേയും കാണാനിടയില്ല. ഏകോപിപ്പിക്കുവാനായി ഞാൻ ശരീരത്തിലില്ലെങ്കിൽ 'എൻറേത്' എന്നു ഞാൻ അഹങ്കരിച്ചിരുന്ന യാതൊന്നും ബാക്കിയില്ലെന്നർത്ഥം. എത്ര ഉത്തരവാദിത്തമുള്ള കർമ്മങ്ങളാണ് എനിക്ക് നിർവ്വഹിക്കാനുണ്ടായിരുന്നത് എന്ന് തോന്നുന്നു. എത്രയോ ശ്രദ്ധക്കുറവാണ് ആയതിൽ ഞാൻ വച്ചു പുലർത്തിയിരുന്നത് എന്നും തോന്നുന്നു. ഈ നിമിഷം മുതലെങ്കിലും ശ്രദ്ധ പുലർത്തി മുമ്പോട്ടു പോകാം.അതല്ലേ കഴിയൂ...
സുനിൽ കെ ടി
01-09-2021
Comments
Post a Comment